Entertainment

തരംഗമായി ‘ദേവദൂതൻ’ ; 24 വർഷത്തിന് ശേഷം തീയറ്ററുകളിൽ തരംഗമാകുന്നു

Please complete the required fields.




24 വർഷം മുൻപ് തിയറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ കൈയൊഴിഞ്ഞ ‘ദേവദൂതൻ’ സിനിമ ഇപ്പോൾ തീയറ്ററുകളിൽ തരംഗമാകുന്നു. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹൻലാൽ- സിബി മലയിൽ ചിത്രത്തിന് രണ്ടാം വരവിൽ തിയേറ്ററിൽ പ്രേക്ഷകരുടെ വമ്പൻ സ്വീകരണം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. പാട്ട് കൊണ്ടും പശ്ചാത്തല സംഗീതം‌ കൊണ്ടും വിദ്യസാ​ഗ‍ർ അത്ഭുതം തീ‍ർത്ത ചിത്രം ദേവദൂതൻ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്.

ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ദേവദൂതൻ ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയിരിക്കുന്നു. കേരള ബോക്സ് ഓഫീസിൽ മാത്രം 30 ലക്ഷമാണ് നേടിയിരിക്കുന്നത്. ബാക്കി 20 ലക്ഷം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള കളക്ഷനാണ്. 2000-ൽ പുറത്തിറങ്ങിയ പരാജയ ചിത്രമായിരുന്നു ദേവദൂതൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൌണ്ട് കൂട്ടിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 56 തിയേറ്ററിൽ നിന്ന് 100 തിയേറ്ററുകളിലായി സിനിമ പ്രദർശനം തുടരും. കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്.

സിനിമ 24 വർഷത്തിന് ശേഷം ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സിബി മലയിലും പറഞ്ഞു. ഒരു സിനിമ റീറിലീസ് ചെയ്യുന്നു, അതിൽ കോടി ക്ലബ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് പേര് മാത്രം ദേവദൂതൻ കണ്ട് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ ഓൺലൈൻ പ്രീ ബുക്കിങ് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നും സിബി മലയിൽ ഇന്ന് മാധ്യമങ്ങളോട് സംവദിക്കവെ പറഞ്ഞു.

Related Articles

Back to top button