Kozhikode

പരപ്പൻപൊയിലിലെ നടപ്പാത നവീകരണം-കാൽനടയാത്രക്കാർക്ക് തലവേദനയാവുന്നു.

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി-കൊടുവള്ളി റീച്ചിനിടയിലെ പരപ്പൻപൊയിലിൽ നടപ്പാതയുടെ നിർമാണവും നവീകരണവും എങ്ങുമെത്താതെ പോവുന്നത് കാൽനടയാത്രക്കാർക്ക് തലവേദനയാവുന്നു. സർക്കാർസ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളുമുള്ള ദേശീയപാതയോരത്തെ ടൗണിലാണ് നടപ്പാതകൾ അപകടക്കെണിയൊരുക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കാൽനടയാത്രയാണ് ഇതുകാരണം അക്ഷരാർഥത്തിൽ പരീക്ഷണമാവുന്നത്.

ടാക്സി-ഗുഡ്‌സ് സ്റ്റാൻഡിനും ബസ് സ്റ്റോപ്പിനും സമീപമുള്ള നടപ്പാതയ്ക്ക് നടുവിൽ സ്ലാബ് തകർന്ന് രൂപപ്പെട്ട വൻകുഴി പ്രദേശവാസികൾ പ്ലൈവുഡ് വെച്ച് താത്‌കാലികമായി അടച്ചിരിക്കുകയാണ്. കുഴിയുണ്ടെന്ന മുന്നറിയിപ്പിനായി കരാറുകാരുടെ ബോർഡും ഒരു വശത്ത് ഫ്ളെക്സും സ്ഥാപിച്ചതിനാൽ ഇതുവഴി കടന്നുപോവുന്നവർക്ക് റോഡിലേക്കിറങ്ങിയോ മറുവശത്തെ ഭാഗത്തുകൂടെയോ നടക്കേണ്ട സ്ഥിതിയാണ്.

പരപ്പൻപൊയിൽ രാരോത്ത് ജി.എം. ഹൈസ്കൂളിന്റെ എൽ.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിന് മുൻവശത്താവട്ടെ ഇനിയും പൂർത്തിയാവാത്ത നടപ്പാത നവീകരണം വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. കുരുന്നുവിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിനുമുന്നിലെ ഓവുചാൽ സ്ലാബ് തകർന്ന് കിടങ്ങിന് സമാനമായ അവസ്ഥയിലാണ്. വിദ്യാർഥികൾ ആ ഭാഗത്തേക്ക് പോവാതിരിക്കാൻ മരക്കമ്പുവെച്ച് പ്രദേശവാസികൾ പ്രവേശനഭാഗത്ത് തടസ്സംവെച്ചിരിക്കുകയാണ്.

ഇതുകഴിഞ്ഞ് ഏഴുമീറ്ററോളം ദൈർഘ്യത്തിൽ ഓവുചാൽ മുകളിൽ സ്ലാബില്ലാതെ തുറന്നുകിടക്കുകയാണ്. ദേശീയപാതയോരത്തെ ഓവുചാൽനവീകരണത്തിന്റെ കരാറേറ്റെടുത്ത സ്വകാര്യകമ്പനി പ്രവൃത്തി പാതിവഴിയിൽ നിർത്തിയതോടെയാണ് നടപ്പാതകൾ അപകടഭീഷണിയുയർത്തുന്ന തരത്തിലേക്ക് മാറിയത്.

ബസ് സ്റ്റോപ്പിന് സമീപത്തുള്ള ഭാഗത്ത് നടപ്പാതയ്ക്കുമുകളിലെ സ്ലാബുകൾ അങ്ങിങ്ങായി തകർന്നസ്ഥിതിയിലാണ് നിലകൊള്ളുന്നത്. യുവജന വായനശാലയ്ക്ക് സമീപത്തെ ഓവുചാലിലെ കിടങ്ങിൽവീണ് ഒരു മറുനാടൻ തൊഴിലാളിക്ക്‌ ഏതാനുംദിവസങ്ങൾക്കുമുമ്പ് പരിക്കേറ്റിരുന്നു. തകർന്ന നടപ്പാത ഒഴിവാക്കി തിരക്കേറിയ ദേശീയപാതയിലൂടെ നടക്കേണ്ട സ്ഥിതിയാണ് പലയിടത്തും.

Related Articles

Leave a Reply

Back to top button