
താമരശ്ശേരി : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന കോഴിയറവുമാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠന്റെ നേതൃത്വത്തിൽ കേരള ഗ്രീൻ മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജൻ, ജനറൽ കൺവീനർ ഷൗക്കത്ത് അലി എരോത്ത്, വിവരാവകാശ പ്രവർത്തകൻ ഉണ്ണികൃഷ്ണൻ തിരൂളി എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശിച്ചത്. മാലിന്യസംസ്‌കരണപ്ലാന്റിൽ നിന്നുള്ള ദുർഗന്ധം നേരുന്ന കരിമ്പാലക്കുന്ന്, ഇരുതുള്ളിപ്പുഴ, മാലിന്യം തള്ളുന്ന സ്ഥലങ്ങൾ, മാലിന്യസംസ്‌കരണ പ്ലാന്റ് എന്നിവിടങ്ങളിലെത്തി സംഘം വിവരം ശേഖരിച്ചു.
കരിമ്പാലക്കുന്നിൽ നടന്ന യോഗം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കൂടത്തായ് സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ അധ്യക്ഷനായി. ടി.വി. രാജൻ, ഷൗക്കത്ത്അലി എരോത്ത്, ഉണ്ണികൃഷ്ണൻ തിരൂളി, ഡിക്‌സൺ, അജ്മൽ ചുടലമുക്ക്, അഹമ്മദ്‌കോയ, കെ.കെ. മുജീബ്, ചിന്നമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു. പി.പി. ഹാഫിസ് റഹ്മാൻ, എം. സുൾഫിക്കർ, വി.കെ. ഇമ്പിച്ചിമോയി, ഫൈസൽ, ബാവൻകുട്ടി, രാജൻ അമ്പലമുക്ക്, ടെസ്ലി മാത്യു, ആന്റോ കരിമ്പാലക്കുന്ന്, എ.പി. ഗഫൂർ, ഹുസൈൻ കൂടത്തായി തുടങ്ങിയവർ പങ്കെടുത്തു. അശാസ്ത്രീയമായും പരിധിയിൽ കവിഞ്ഞ നിലയിലും കോഴിമാലിന്യം സംസ്‌കരിക്കുകയും മലിനജലം തള്ളുകയും ചെയ്യുന്നെന്ന് ആരോപിച്ച് അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരേ ദീർഘകാലമായി പരിസരവാസികൾ സമരത്തിലാണ്.





