ഓപ്പറേഷൻ ലൈവ്; വളയത്തെ മത്സ്യവിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന

നാദാപുരം: ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങൾ വിതരണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ലൈവ് പദ്ധതിയുടെ ഭാഗമായി വളയത്തെ മത്സ്യവിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന. വളയം കുറ്റിക്കാട്ടിൽ അനധികൃതമായി വീട്ടുവളപ്പിൽ വിതരണത്തിനായി സൂക്ഷിച്ച 15 കിലോ വരുന്ന മത്സ്യവും നാല്പത് കിലേ ഐസ് ബ്ലോക്കും കണ്ടെടുത്ത് നശിപ്പിച്ചു. ഇവ കുഴിച്ച് മൂടി. വളയം മത്സ്യമാർക്കറ്റിൽ മതിയായ അളവിൽ ഐസ് ഉപയോഗിക്കാതെ മത്സ്യം വില്പന നടത്തുന്നതായി കണ്ടെത്തി. സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസർ എ.പി ഫെമ്പിന മുഹമ്മദ് അഷ്റഫിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം അളക്കുന്ന മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബും വളയത്ത് എത്തിയിരുന്നു. 20 മത്സ്യ സാമ്പിളുകളും ഐസ് സാമ്പിളുകളും പരിശോധിച്ചു. വിവിധ ഫ്ലോർ മില്ലുകളിൽ നിന്ന് ശേഖരിച്ച മസാല പൊടികളും പരിശോധന നടത്തി.
ഭക്ഷ്യ സുരക്ഷ ഓഫീസ് പ്രതിനിധി നൗഷീന മടത്തിലും പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച്ച വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴക്കളെ കണ്ടെത്തിയിരുന്നു. മേഖലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമാക്കുമെന്ന് ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസർ എ.പി ഫെമ്പിന മുഹമ്മദ് അഷ്റഫ് പറഞ്ഞു.