Kottayam

വാഹനം പോകാൻ വഴിയില്ല: ആശുപത്രിയിലെത്തിക്കാൻ വൈകിയ വയോധിക മരിച്ചു

Please complete the required fields.




കോട്ടയം: വാഹനം പോകാൻ വഴിയില്ലാത്തതിനെത്തുടർന്ന് കൃത്യസമയത്ത് വാഹനം എത്തിക്കാൻ സാധിക്കാതെ ചികിത്സ വൈകിയ വയോധിക മരിച്ചു.ചുങ്കം വാരിശ്ശേരി ഇടാട്ടുതറയിൽ സഫിയയാണ്​ (70) കഴിഞ്ഞദിവസം മരിച്ചത്. വാരിശ്ശേരിയിൽ വഴിക്കായി മതിൽ പൊളിച്ചതിനെത്തുടർന്ന് തർക്കമുണ്ടായ സ്ഥലത്താണ്​ വയോധികയുടെ ജീവൻ പൊലിഞ്ഞത്​.
ഇവരുടെ മകൻ ഇ.ബി. നസീനിനെ മതിൽ പൊളിച്ച കേസുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രവേശിക്കുന്നതിൽനിന്ന്​ പൊലീസ് വിലക്കിയിരിക്കുകയാണ്. ഇതിനിടെയാണ് മാതാവിന്‍റെ മരണം.

അസുഖബാധിതയായി മാസങ്ങളോളമായി കിടപ്പിലായിരുന്നു സഫിയ. ഞായറാഴ്ച രാവിലെ 11ഓടെ രോഗം മൂർച്ഛിക്കുകയും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്ക്​ മാറ്റുകയുമായിരുന്നു.മകൻ കേസുമായി ബന്ധപ്പെട്ട്​ എത്താനാവാത്ത അവസ്ഥയായതോടെ അയൽവാസികൾ ചേർന്ന് കസേരയിൽ ഇരുത്തി പൊക്കിയെടുത്താണ് ഇവരെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയത്.മതിൽ പൊളിച്ച വഴിയുടെ സമീപത്തുവരെ മാത്രമാണ് വാഹനം എത്തിയിരുന്നത്. നടപ്പുവഴി മാത്രമുള്ള പ്രദേശത്തുകൂടി പൊക്കിയെടുത്താണ് വഴിയിൽ കിടന്ന വാഹനത്തിൽ എത്തിച്ചത്.
മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളുകൾ ചേർന്ന് സ്ട്രെച്ചറിൽ ചുമന്നാണ് സംസ്കാരത്തിനും മറ്റും മൃതദേഹം വീട്ടിലെത്തിച്ചത്.​വഴിക്കായി പ്രദേശത്തെ മതിൽ പൊളിച്ചത് വിവാദമാവുകയും തുടർന്ന് നാലുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button