
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് യെല്ലോ അലർട്ട് 7 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. ആദ്യം അഞ്ച് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് പുതുതായി യെല്ലോ ജാഗ്രത പ്രഖ്യാപിച്ചത്.
ഈ ജില്ലകൾക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. അതിനിടെ സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി തുടരുമെന്ന സൂചനകളും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
വീണ്ടും രണ്ട് ചിക്രവാതചുഴിയുടെ സാന്നിധ്യമുള്ളതാണ് സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി നിലനിർത്തുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം.
ഇതിൽ തന്നെ ഒക്ടോബർ 25, 29 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.





