ഇനി മടക്കമില്ല; ചേതനയറ്റ ശരീരവുമായി അവർ മടങ്ങിയെത്തി; കുവൈത്ത് ദുരന്തത്തിൽ പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കേരളം

നെടുമ്പാശ്ശേരി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങി. പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി ഉറ്റവരെ വിട്ട് കുവൈത്തിലെത്തിയ ആ 23 പേരും ഇന്ന് ഒരേ വിമാനത്തില്‍ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി.കൊച്ചിയിലെത്തിച്ച മൃതദേഹങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നേതാക്കളും മറ്റ് ജനപ്രതിനിധികളും .
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങും. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങും.
വിമാനത്താവളത്തിൽ അധിക നേരം പൊതുദർശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കുടുംബാംഗങ്ങൾക്കും കാണാൻ സൗകര്യമൊരുക്കും.തുടർന്ന് പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയിൽ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകൾ എത്തിച്ചിട്ടുണ്ട്.തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താൻ എത്തിയിട്ടുണ്ട്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.
അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്.




