
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ മൂന്നു പ്രതികൾക്ക് ജാമ്യം. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കോടതിയിൽ ഹാജരായ ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് ജാമ്യം ലഭിച്ചത്. കോടതിയിൽ ഹാജരാകാതിരുന്ന രണ്ടാം പ്രതി ഡോ.ഷഹനയ്ക്ക് വീണ്ടും സമൻസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ, മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന, ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. കേസ് അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രട്ട് വി.പി.അബ്ദുൽ സത്താർ ആണ് ജാമ്യം നൽകിയത്.
2017 നവംബര്‍ 30ന് ആയിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നതും വയറ്റില്‍ കത്രിക മറന്നുവച്ചതും. 5 വര്‍ഷത്തിനു ശേഷം മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ കത്രിക പുറത്തെടുത്തു. പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ല. തുടർന്ന് സമരം ആരംഭിച്ചശേഷമാണ് പൊലീസ് നാല് പേർക്കെതിരെ കേസെടുത്തത്. കത്രിക കുടുങ്ങിയതിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം ഹർഷിന ഇപ്പോളും ചികിത്സയിലാണ്.