
കൂറ്റനാട്: മേഴത്തൂർ സ്കൂളിലെ അധ്യാപകന്റെ കാർ മോഷണംപോയ സംഭവത്തിൽ അന്തർസംസ്ഥാന വാഹനമോഷ്ടാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായി. ആലപ്പുഴ തലവടി സ്വദേശി പുത്തൻപറമ്പിൽ വിനോദ് മാത്യുവാണ് (45) 14 മാസത്തിനുശേഷം പിടിയിലാകുന്നത്.2023 മാർച്ച് 20-ന് കൂറ്റനാട്ടെ വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി ഏല്പിച്ച വാഹനമാണ് മോഷണംപോയത്. വിവിധ ജില്ലകളിലായി 25-ലേറെ വാഹനമോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ വിനോദ് മാത്യുവെന്നു പോലീസ് പറഞ്ഞു. വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് വാഹനമോഷണങ്ങൾ നടത്തുന്നതാണ് രീതിയെന്നും പറയുന്നു.
മോഷ്ടിച്ച വാഹനങ്ങൾ തമിഴ്നാട്ടിലാണ് വിൽക്കുന്നത്. പ്രതിയെ പോലീസ് തിങ്കളാഴ്ച ഉച്ചയ്ക്ക് കൂറ്റനാട്ടെ വർക്‌ഷോപ്പിലെത്തിച്ച് തെളിവെടുപ്പുനടത്തി.ചാലിശ്ശേരി ഇൻസ്പെക്ടർ കെ. സതീഷ്‌കുമാർ, എസ്.ഐ.മാരായ വി.ആർ. റെനീഷ്, ഡേവി, സി.പി.ഒ.മാരായ ഷിജിത്ത്, അതുൽ, രജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.