
കോട്ടയം: വടവാതൂരിൽ ഭാര്യയുടെ ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷിനെ കണ്ടെത്താനാണ് നോട്ടിസ്. ഒളിവിൽപോയ ഇയാളുടെ ഫോൺ സ്വിച്ച്ഓഫാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഇടുക്കി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു. ഇയാൾക്ക് കാര്യമായ സൗഹൃദങ്ങളില്ലാത്തതും പ്രതിയിലേക്ക് എത്താൻ പൊലീസിന് തടസ്സമായിരുന്നു.
ഇതിനിടെയാണ് പ്രതിയുടെ ചിത്രവുമായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. വിവരം ലഭിച്ചാൽ എസ്.എച്ച്.ഒ മണർകാട് പൊലീസ് സ്റ്റേഷൻ – 9497947161, എസ്.ഐ മണർകാട് – 9497980332, പൊലീസ് സ്റ്റേഷൻ – 0481 2370288 എന്നീ നമ്പറുകളിൽ അറിയിക്കണം.
ഭാര്യയുടെ കാമുകനെന്ന് സംശയിച്ചാണ് വടവാതൂർ സ്വദേശിയായ രഞ്ജിത്തിനെ(40) അജീഷ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോക്കും വെട്ടേറ്റിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നുവെന്നും ഇയാൾ മദ്യത്തിന് അടിമയാണെന്നും കാണിച്ച് നേരത്തേ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.