ചെര്‍ക്കള:’ കുട്ടനാടിന് 15,000 രൂപ വിലപറഞ്ഞതാണ്. സ്‌കൂള്‍ തുറക്കുംമുന്‍പ് വില്‍ക്കാനാണ് നിശ്ചയിച്ചത്. ഓമനിച്ച് വളര്‍ത്തുന്നതിനെ വില്‍ക്കാന്‍ താത്പര്യമുണ്ടായിട്ടല്ല. എനിക്കും സഹോദരിമാര്‍ക്കും സ്‌കൂള്‍ യൂണിഫോമും കുടയും പുസ്തകങ്ങളും വാങ്ങുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ് പതിനഞ്ചോളം തെരുവുനായക്കൂട്ടം കൂട് തകര്‍ത്ത് ആടുകളെ കടിച്ചുകൊന്നത്. പെണ്ണാട് പ്രസവിക്കാറായതായിരുന്നു…’ -ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥി അഹമ്മദ് തന്‍വീറിന്റെ വാക്കുകള്‍ മുറിഞ്ഞു.
ചെര്‍ക്കള പാടി റോഡ് മുക്രി ഹൗസിലെ മുഹമ്മദിന്റെയും സെമീറയുടെയും മകനാണ് അഹമ്മദ് തന്‍വീര്‍. സോഡ വില്പന നടത്തിയാണ് മുഹമ്മദ് കുടുംബത്തിന്റെ ഉപജീവനം നടത്തുന്നത്. ആറുവര്‍ഷത്തോളമായി വീട്ടില്‍ ആടുകളെ വളര്‍ത്തുന്നുണ്ട്. നാലാം ക്ലാസിലെത്തിയതുമുതല്‍ ആടുകളെ വളര്‍ത്തുന്ന ചുമതല അഹമ്മദ് തന്‍വീര്‍ ഏറ്റെടുത്തു. സ്‌കൂളിലേക്ക് പോകുംമുമ്പ് പച്ചിലകളും മറ്റും ശേഖരിച്ച് നല്‍കും. സ്‌കൂള്‍ വിട്ട് വൈകിട്ട് വീട്ടിലെത്തിയാല്‍ സമപ്രായക്കാരായ മറ്റു കുട്ടികള്‍ കളിക്കുമ്പോള്‍ ആടുകളെ മേയ്ക്കാനിറങ്ങും.
വീടിനോട് ചേര്‍ന്നാണ് ആട്ടിന്‍കൂട്. ആറുവയസ്സുള്ള പെണ്ണാടും നാല് വയസ്സുള്ള കുട്ടനാടുമാണുണ്ടായിരുന്നത്. കൂടിന്റെ കവുങ്ങുതടികള്‍ തകര്‍ത്താണ് നായകള്‍ കൂടിനകത്ത് കയറിയത്. നായ്ക്കളുടെ കടിയേറ്റ് കുടല്‍ പുറത്തുവന്ന നിലയിലായിരുന്നു ആടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.രാവിലെയുള്ള കാഴ്ചയ്ക്കുശേഷം സങ്കടം കൊണ്ട് അഹമ്മദ് തന്‍വീര്‍ ഭക്ഷണംപോലും കഴിച്ചിട്ടില്ലെന്ന് മാതാവ് സെമീറ പറഞ്ഞു. അഹമ്മദ് തന്‍വീറിന് നാല് സഹോദരിമാരും ഒരു അനുജനുമാണ്. സഹോദരിമാരില്‍ രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. വിദ്യാര്‍ഥിനികളായ മറ്റ് സഹോദരിമാരുടെയും അനുജന്റെയും പഠനത്തിനുള്ള വക കണ്ടെത്തിയിരുന്നത് ആടുവളര്‍ത്തലിലൂടെയാണ്.