Kasargod

9-കാരിയെ പീഡിപ്പിച്ച ശേഷം കമ്മലെടുത്ത് 6500 രൂപയ്ക്ക് വിറ്റു; സഹായിച്ചത് പ്രതിയുടെ സഹോദരി

Please complete the required fields.




കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി പി.എ.സലീമിന്റെ സഹോദരിയെയും പ്രതിപ്പട്ടികയിലുൾപ്പെടുത്തും. പീഡിപ്പിച്ച ശേഷം കുട്ടിയുടെ കാതിലിൽനിന്ന് അഴിച്ചെടുത്ത സ്വർണക്കമ്മൽ വില്ക്കാൻ സലീമിനെ സഹായിച്ചത് കൂത്തുപറമ്പിലുള്ള ഇയാളുടെ സഹോദരിയാണ്. 6,500 രൂപയ്ക്കാണിത് വിറ്റത്. ഇതിന്റെ സ്ലിപ്പ് കൂത്തുപറമ്പിലെ വീട്ടിൽനിന്ന്‌ പോലീസ് കണ്ടെടുത്തു. പ്രതിയെ തിരഞ്ഞ് പോലീസ് കൂത്തുപറമ്പിലെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത്‌ സഹോദരി കുടകിൽ പോയിരുന്നു.

കുടകിലെത്തിയ മറ്റൊരു പോലീസ്‌ സംഘം സഹോദരിയോട് സലീമിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ സ്വർണം വിറ്റ കാര്യം സഹോദരി മറച്ചുവച്ചു. കുട്ടിയെ പീഡിപ്പിച്ചശേഷം സലീം നേരേ പോയത് കൂത്തുപറമ്പിലേക്കാണ്. 11 മണിയോടെ സഹോദരിയെയും കൂട്ടി ജൂവലറിയിൽ പോയി. സ്വർണം വിറ്റ കാശുമായി നേരേ മൈസൂരുവിലേക്കും തുടർന്ന് ബെംഗളൂരു, മുംബൈ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുമെത്തി.

പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈയിൽ കാശൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടിക്കറ്റെടുക്കാതെയാണ് ഈ സ്ഥലങ്ങളിലെല്ലാം തീവണ്ടിയാത്ര ചെയ്തതെന്ന് സലീം പറഞ്ഞിരുന്നു. ഒൻപതുദിവസവും ഒരേവസ്ത്രമാണ് ധരിച്ചത്. അതുകൊണ്ടുതന്നെ ഇത്രയും പണം ഇയാൾ മറ്റാർക്കെങ്കിലും കൊടുത്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അറിയാനുണ്ടെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം.പി.ആസാദ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് തിങ്കളാഴ്ച ഹൊസ്ദുർഗ് കോടതിയിൽ അപേക്ഷ നൽകും.

Related Articles

Back to top button