
പൂനൂർ : നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന, ഒട്ടേറെ കുടിവെള്ളപദ്ധതികൾക്ക് ആശ്രയമായ പൂനൂർപ്പുഴ കടുത്തചൂടിൽ പലഭാഗങ്ങളിലും നീരൊഴുക്ക് നിലച്ച് വറ്റിവരളുന്നു. പൂനൂരങ്ങാടി ഭാഗത്തുതന്നെ പാലത്തിന്റെ താഴെ വെള്ളംകുറഞ്ഞ് ഏതാനുംഭാഗങ്ങളിൽ മാത്രമാണ് നേരിയതോതിൽ വെള്ളമുള്ളത്. പുതിയ പാലത്തിനോട് ചേർന്നുള്ള താഴെഭാഗത്ത് വെള്ളത്തിന് ദുർഗന്ധവുമുണ്ട്. പലഭാഗങ്ങളിലും പൂനൂർപ്പുഴയിൽ മാലിന്യം തള്ളുന്നതും പുഴ കൈയേറ്റം നടക്കുന്നതും പുഴയെ ഇല്ലാതാക്കുകയാണ്.
അധികൃതർ അറിഞ്ഞുകൊണ്ടുതന്നെ പുഴയുടെ പലഭാഗങ്ങളിലും ഗ്രാമപ്പഞ്ചായത്തുകളുടെ മൗനാനുവാദത്തോടെ റോഡിൽനിന്ന് അടിച്ചുവാരുന്ന മാലിന്യം തള്ളുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ഇതിനെതിരേ ജനകീയസമിതികളും അധികൃതരും ജാഗ്രതപാലിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.





