Palakkad

പാലക്കാട്ട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3,000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

Please complete the required fields.




പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ തീപ്പിടിത്തത്തിൽ 3000 കോഴിക്കുഞ്ഞുകൾ ചത്തു. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് സംഭവം നടന്നത്. കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തീപിടുത്തമുണ്ടായത്. ഷെഡ് മുഴുവനായി കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു.

കാലപ്പഴക്കം ചെന്ന വയറിങ് ആയതിനാൽ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്ന വയറിങ് സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് വരികയും തീ പിടിത്തമുണ്ടാവുകയുമായിരുന്നു. ചൂടിനെ പ്രതിരോധിക്കാനായി ഫാമിനകത്ത് തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിങ് രൂപത്തിൽ അടിച്ചിരുന്നു. ഇവ കത്തിയമർന്ന് ഫാമിനകത്തേക്ക് വീണു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും തന്നെ കോഴിഫാമിൽ ഇല്ലായിരുന്നു.

കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് അതിഥി തൊഴിലാളികൾ ഓടിയെത്തിയെങ്കിലും തീ നിയന്ത്രണാതീതമായിരുന്നു. ഉടൻ ഫാം ഉടമയെ വിവരം അറിയിച്ചു. ഇദ്ദേഹം അഗ്നി രക്ഷാ സേനയിലും വിവരം നൽകി. സേനാംഗങ്ങൾ സ്ഥലത്തെത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇൻ ചാർജ് ജി. അജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. സുരേഷ് കുമാർ, ആർ. ശ്രീജേഷ്, കെ. പ്രശാന്ത്, ഷാജിത്, ഷോബിൻ ദാസ്, സന്ദീപ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button