
കോഴിക്കോട് : മാവൂർറോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിലെ ലഘുഭക്ഷണശാലകൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം. കോൺഗ്രസ് നേതാക്കളും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ചെറുത്തുനിന്നെങ്കിലും പോലീസ് ബലംപ്രയോഗിച്ച് മൂന്ന് കിയോസ്കുകളും ഒഴിപ്പിച്ചു. തിങ്കളാഴ്ച കോടതി ഉത്തരവ് ലഭിക്കാനിരിക്കെയാണ് മുൻകൂട്ടി അറിയിക്കുകപോലും ചെയ്യാതെ അവധിദിനംനോക്കി ഒഴിപ്പിച്ചതെന്ന് കിയോസ്ക് നടത്തിപ്പുകാർ പറഞ്ഞു. കോടതി ഉത്തരവിന്റെ പകർപ്പുമായാണ് കെ.ടി.ഡി.എഫ്.സി. പ്രിൻസിപ്പൽ പ്രോജക്ട് കൺസൽട്ടന്റ് ഷൺമുഖം ആചാരി എത്തിയത്.
ആദ്യം രണ്ടു കിയോസ്കുകൾ ഒഴിപ്പിക്കുന്നത് കച്ചവടക്കാർ പ്രതിരോധിച്ചെങ്കിലും പോലീസ് അവരെ നീക്കംചെയ്തു. പിന്നീട് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറും എത്തിയതോടെ പ്രതിഷേധം ശകതമായി. കോടതി ഉത്തരവില്ലാതെ ഒഴിപ്പിക്കാൻ കഴിയില്ലെന്നും ഏതുകോടതിയാണെന്ന് പോലും വ്യക്തമല്ലാത്ത രേഖയുമായി വന്നാൽ അനുവദിക്കില്ലെന്നും ഇരുവരും പറഞ്ഞു. ഒഴിപ്പിക്കുമെന്ന നിലപാടിൽ പോലീസും ഉറച്ചുനിന്നതോടെ വാക്തർക്കമായി. കോടതി ഉത്തരവിന്റെ ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും കെ.ടി.ഡി.എഫ്.സി. ഉദ്യോഗസ്ഥൻ മൗനം പാലിക്കുകയായിരുന്നു.
തുടർന്ന് കോൺഗ്രസ് നേതാക്കളെ ബലംപ്രയോഗിച്ച് നീക്കംചെയ്യുന്നതിനിടെ ഉന്തുംതള്ളുമായി. ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കൊടുവിലാണ് മൂന്നാമത്തെ കിയോസ്ക് ഒഴിപ്പിച്ചത്. 80 ലക്ഷം രൂപ കെട്ടിവെച്ച് 15 വർഷത്തേക്കാണ് അഞ്ചുപേർ ഉടമകളായ ടാസ്റ്റിക് ലീഡ് എന്ന സ്വകാര്യകന്പനി മൂന്ന് കിയോസ്കുകളും ലേലത്തിനെടുത്തത്. ഒരു ചതുരശ്ര അടിക്ക് 1800 രൂപവെച്ച് ഒരുമാസം മൂന്ന് കിയോസ്കുകൾക്കുമായി ആറുലക്ഷത്തോളം വാടകയും നൽകുന്നുണ്ടെന്ന് നടത്തിപ്പുകാരിലൊരാളായ കുഞ്ഞിക്കുട്ടി ആലി പറഞ്ഞു.
നവീകരണത്തിനായി കെ.എസ്.ആർ.ടി.സി. ഒഴിപ്പിക്കുമ്പോഴേ കിയോസ്കുകളും മാറ്റാവൂ എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാവുമ്പോൾ വീണ്ടും പ്രവർത്തനമാരംഭിക്കാൻ കച്ചവടക്കാരുമായി കരാറുണ്ടാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. അതൊന്നും പാലിക്കാതെയാണ് ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോവാൻ തയ്യാറാണെങ്കിലും പേ ആൻഡ് പാർക്കിങ് കേന്ദ്രം ഉൾപ്പെടെ നിലനിർത്തിക്കൊണ്ട് കിയോസ്കുകൾമാത്രം മാറ്റുന്നതിലാണ് എതിർപ്പെന്നും കച്ചവടക്കാർ പറഞ്ഞു.
അലിഫ് ബിൽഡേഴ്സിനുവേണ്ടിയാണ് ഈ ഒഴിപ്പിക്കലെന്ന് പി.എം. നിയാസും കെ. പ്രവീൺകുമാറും ആരോപിച്ചു. കെ.എസ്.ആർ.ടി.സി. ടെർമിനലിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി. റിപ്പോർട്ട് നൽകിയതിനുപിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ കിയോസ്കുകൾക്ക് ഒഴിയാൻ കെ.ടി.ഡി.എഫ്.സി. നോട്ടീസ് നൽകിയിരുന്നു. പക്ഷേ, അതിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് പ്രവർത്തനം തുടങ്ങിയത്.





