പൂരംനാളിൽ വൻകിടഹോട്ടലുകളിൽ ഉന്നതരുടെ പേരിൽ ഒന്നിലധികം സൗജന്യ മുറിയെടുക്കുന്നു, പരാതി; അന്വേഷിക്കും

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയതായി അറിയുന്നു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ കമ്മിഷണറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത് പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ സൂചനയാണെന്നു കരുതുന്നു.
തൃശ്ശൂരുമായും പൂരവുമായും ബന്ധമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയത് അന്വേഷിക്കണമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. കമ്മിഷണറുടെ കർക്കശ നിലപാട് പോലീസ് സമൂഹത്തിന് ഒന്നടങ്കം കളങ്കമുണ്ടാക്കി. പൂരത്തിന് ഏറെ വിയർപ്പൊഴുക്കിയ പോലീസുകാരും പഴികേൾക്കേണ്ടിവന്നു. പൂരം ദിവസം നടത്തിയ ലാത്തിച്ചാർജ് അകാരണമായിരുന്നെന്നും ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അങ്കിത് അശോകൻ കഴിഞ്ഞ വർഷത്തെ പൂരത്തിനിടെയും വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ ലാത്തിച്ചാർജ് നടത്തിയ കാര്യവും റിപ്പോർട്ടിലുണ്ട്.
പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പോലീസ് സൗജന്യമായി മുറിയെടുക്കുന്നെന്ന പരാതിയും ഉയർന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികളാണ് പൂരനാളുകളിൽ സൗജന്യമായി വാങ്ങുന്നത്. ഇതേപ്പറ്റിയും അന്വേഷണം നടത്താൻ നിർദേശമുണ്ട്.





