Ernakulam

ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിന് അദ്‌ഭുതകരമായ രക്ഷപ്പെടൽ

Please complete the required fields.




കൊച്ചി: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട മലയാളി യുവാവിന് ജീവിതത്തിലേക്ക് അദ്‌ഭുതകരമായ തിരിച്ചുവരവ്. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടനാണ് ഇറ്റാലിയൻ വ്യോമസേനയുടെ ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. റോമിനു സമീപം അബ്രൂസേയിലെ മയിയേലയിലെ മഞ്ഞുമലയിലാണ് കഴിഞ്ഞയാഴ്ച അനൂപ് കുടുങ്ങിയത്.

സമുദ്രനിരപ്പിൽനിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മലയിൽ കാൽനടയായി സാഹസിക യാത്രയ്ക്കു പോയതായിരുന്നു അനൂപും ഇറ്റാലിയൻ സുഹൃത്തും. രാവിലെ യാത്ര തിരിച്ച ഇവർ മലമുകളിൽ എത്താൻ കുറച്ചുദൂരം ശേഷിക്കെയാണ് മഞ്ഞിൽ കുടുങ്ങിയത്. പ്രതീക്ഷിച്ചതിലും കനത്ത മഞ്ഞിൽ മുന്നോട്ടുള്ള യാത്ര വെല്ലുവിളിയായതിനൊപ്പം നേരം ഇരുട്ടുകയും ചെയ്തു.

ഇതിനിടെ അനൂപ് കാൽതെറ്റി മലയുടെ ചെരിവിലേക്ക് പതിക്കുകയും മഞ്ഞിൽ പുതഞ്ഞുപോകുകയുമായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അനൂപ് കൂടുതൽ താഴേയ്ക്കു പോയി. കൂടെയുള്ള ഇറ്റാലിയൻ കൂട്ടുകാരന് രക്ഷിക്കാൻ കഴിയാത്ത വിധം ചെരിവിലേക്കുപോയ അനൂപ് അപകടം മനസ്സിലാക്കി ഇറ്റലിയിലെ എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിച്ചു.

മലമുകളിലെ രക്ഷാപ്രവർത്തകരുടെ രണ്ട് ഹെലികോപ്റ്റർ അവിടെയെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. രാത്രിയായതിനാൽ ശ്രമം ഉപേക്ഷിച്ചു മടങ്ങിയ രക്ഷാപ്രവർത്തകർ ഇറ്റാലിയൻ വ്യോമസേനയെ വിവരമറിയിച്ചു.

ഇറ്റാലിയൻ വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ അനൂപിനെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. ശരീരോഷ്മാവ് താഴ്ന്ന്‌ അപകടകരമായ സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാനായത്.

Related Articles

Back to top button