
കോഴിക്കോട് : മുസ്ലിംലീഗ് ശക്തി കേന്ദ്രമായി അറിയെപ്പെടുന്ന തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ ജീപ്പ് തകരുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ നാദാപുരം പൊലീസിന് ഗുരുതര വീഴ്ച്ച. രണ്ട് മാസമായി ഗൾഫിലുള്ളയാൾ എഫ്ഐആറിൽ ആറാം പ്രതി. നാദാപുരം സി ഐ ക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സിപിഐ എം പരാതി അറിയിച്ചു. എഫ്ഐആർ തയ്യാറാക്കിയത് മുസ്ലിം ലീഗ് നേതാക്കളുടെ മൊഴി അനുസരിച്ചാണെന്നും ആക്ഷേപം. ദൃക്സാക്ഷി മൊഴി പോലെ പൊലീസ് എഫ്ഐആർ. നാദാപുരം പൊലീസ് സ്വമേധയ രജിസ്റ്റർ ചെയ്ത കേസ് ദുർബലമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അവസരം ഒരുക്കുവാൻ ഇടനൽകുന്നതാണെന്നും പരക്കെ ആക്ഷേപം.
ചൊവ്വാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.30 നാണ് യുഡിഎഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന് മുമ്പ് എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങൾ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പാറയ്ക്ക് സമീപത്തായി നിർത്തിയിട്ട ജീപ്പിൽ വൻ സ്ഫോടനം നടന്നത്. അഡീഷണൽ എസ്ഐ സുരേഷ് ബാബു കെ.കെ യാണ് പരാതിക്കാരൻ. ഉഗ്രസ്ഫോടനത്തിൽ പാടെ തകർന്ന ജീപ്പ് സംഭവം നടന്ന് രണ്ടാം ദിവസമായ ഇന്നാണ് ഫോറൻസിക്ക് വിദഗ്ധർ എത്തി പരിശോന നടത്തിയത്.





