Kozhikode

വെന്തുരുകി കുരുന്നുകൾ; അങ്കണവാടിക്ക് വൈദ്യുതി കണക്‌ഷൻ നൽകിയില്ല

Please complete the required fields.




ഓമശ്ശേരി : വെയിലത്ത് ചൂടുകൊണ്ട് പൊറുതിമുട്ടുകയാണ് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പതിനാറാം വാർഡിലെ മങ്ങാട് രശ്മി അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും. ഫെബ്രുവരി എട്ടിനായിരുന്നു വാടകക്കെട്ടിടത്തിൽനിന്ന് പുതുതായി പണികഴിച്ച സ്വന്തം കെട്ടിടത്തിൽഅങ്കണവാടി പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഉടൻ വൈദ്യുതി കണക്‌ഷൻ നൽകാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയെങ്കിലും ഇതുവരെ വാക്കുപാലിച്ചില്ല. അങ്കണവാടി കെട്ടിടം കെ.എസ്.ഇ.ബി.യുടെ ഹൈടെൻഷൻ ലൈനിനു സമീപമായതിനാൽ ഉള്ളിൽ ചൂട് കൂടുതലാണ്. ലൈൻ കാരണം കെട്ടിടത്തിന്റെ സമീപത്ത് തണലിനായി മരങ്ങൾപോലും വെച്ചുപിടിപ്പിക്കാൻ പറ്റാതായി.

ഉച്ചയാകുമ്പോഴേക്കും പലകുട്ടികളുടെയും വസ്ത്രങ്ങൾവരെ ഊരിമാറ്റിയാണ് ജീവനക്കാർ ഓരോ ദിവസങ്ങളും തള്ളിനീക്കുന്നത്. കടുത്ത മീനച്ചൂടിലാണ് പിഞ്ചുകുട്ടികൾ രാവിലെ പത്തുമണിമുതൽ മൂന്നരവരെ കഴിച്ചുകൂട്ടുന്നത്. ചൂടുകൂടി കുട്ടികൾക്ക് ചൂടുകുരു ഉൾപ്പെടെയുള്ള ചർമരോഗങ്ങൾ വന്നതോടെ പതിനാറ് കുട്ടികൾവരെയുണ്ടായിരുന്ന അങ്കണവാടിയിൽ ഇപ്പോൾ ഏഴിൽ താഴെ കുട്ടികൾമാത്രമാണ് എത്തുന്നത്. അങ്കണവാടിക്ക് ഉടൻ വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിസ്സാരമായ സാങ്കേതികകാരണങ്ങൾ നിരത്തിയാണ് വൈദ്യുതി കണക്‌ഷൻ നൽകാത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

Related Articles

Back to top button