കള്ളൻ കപ്പലില്‍ തന്നെ; പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്നു; ബാങ്ക് മാനേജര്‍ പിടിയില്‍

തൃശൂർ: പണമിടപാട് സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ ബാങ്ക് മാനേജർ പിടിയില്‍. തൃശൂർ അമല നഗർ സ്വദേശി അശേഷ് ജോയിയാണ് പിടിയിലായത്.സ്ഥാപനം കുത്തിത്തുറന്ന് 32,40,650 രൂപ കവർന്ന സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ രാവിലെയോടെയാണ് സ്ഥാപനം കുത്തിത്തുറന്ന് ഇയാള്‍ പണവുമായി കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഗുരുവായൂർ പടിഞ്ഞാറെ നടയ്‌ക്ക് സമീപമുള്ള മാസ് സെന്റർ എന്ന കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എല്‍ ആൻഡ് ടി ഫൈനാൻസ് സ്ഥാപനം കുത്തിത്തുറന്നാണ് സ്ഥാപനത്തിലെ മാനേജറായ ഇയാള്‍ പണം കവർന്നത്. തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റിട്ട ഒരാള്‍ സ്ഥാപനം തുറന്ന് അകത്തേക്ക് കയറുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ മുഖം വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അശേഷാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.





