Kerala

കനത്ത മഴ; റോഡിലെ കുഴികൾ അടിയന്തരമായി നികത്താൻ നിർദേശം

Please complete the required fields.




കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രധാന റോഡുകളിലെ കുഴികൾ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസന സമിതിയോഗത്തിൽ നിർദേശം. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ ഡി.കെ മുരളി, ജി. സ്‌റ്റീഫൻ , മന്ത്രി ജി.ആർ അനിലിന്റെ പ്രതിനിധി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ പൊൻമുടി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുനസ്ഥാപിക്കണമെന്നും നിർദേശമുയർന്നു.

ജനവാസമേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് സോളാർ ഫെൻസിംഗ് നിർമാണം വനംവകുപ്പ് ത്വരിതഗതിയിലാക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ നിർദേശിച്ചു. പാങ്ങോട്, പെരിങ്ങമ്മല ഭാഗങ്ങളിൽ കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളിൽപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി.കെ മുരളി എം.എൽ.എ ആവശ്യപ്പെട്ടു.

വെയ്‌ലൂർ വില്ലേജിൽ യു.ഐ.ടി സ്ഥാപിക്കുന്നതിനും ലൈഫ്മിഷൻ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനുമായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് വി.ശശി എം.എൽ.എ യോഗത്തിൽ നിർദേശിച്ചു. കല്ലമ്പലം ജംഗഷ്‌നിൽ അപകടം വർധിക്കുന്നതിനാൽ സാധ്യമെങ്കിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആറ്റിങ്ങൽ ദേശീയപാതയിലെ മാർക്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും ഒ.എസ് അംബിക എം.എൽ.എ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button