Ernakulam

പെൺകുട്ടികൾക്ക് അടക്കം മയക്കുമരുന്ന് നൽകുന്ന യുവാവ് എക്‌സൈസ് പിടിയിൽ

Please complete the required fields.




കൊച്ചി: കാക്കനാട് കേന്ദ്രമാക്കി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവ് എക്‌സൈസ് പിടിയില്‍. 34.5 ഗ്രാം മെത്താംഫിറ്റാമിനുമായി കാക്കനാട് അത്താണി സ്വദേശി വിഎ സുനീര്‍ (34) എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സമയം ഉന്‍മേഷത്തോടെ ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ഇയാള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ആകര്‍ഷിച്ചിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

ബംഗളൂരുവില്‍ നിന്ന് നേരിട്ട് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച് ഇയാള്‍ തന്നെ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബംഗളൂരു സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണാടക പൊലീസിന്റെ പിടിയിലായിരുന്നു. ബംഗളൂരുവിലെ ജയിലിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയതെന്നും എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. കമ്മീഷണര്‍ ടി അനികുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയായിരുന്നു. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് ഭാഗത്ത് ഇയാള്‍ മയക്കുമരുന്ന് കൈമാറുന്നതിന് എത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ എക്‌സൈസ് സംഘം ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കണ്ടെത്തുകയും, രഹസ്യമായി പിന്തുടര്‍ന്ന് പ്രതിയെ വളഞ്ഞു പിടികൂടുകയായിരുന്നു.

മാമല റേഞ്ച് ഇന്‍സ്‌പെക്ടര്‍ കലാധരന്‍ വി, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ഡി. ടോമി, മാമല റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ സാബു വര്‍ഗീസ്, പി.ജി ശ്രീകുമാര്‍, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടിഎന്‍ ശശി, അനില്‍ കുമാര്‍, വനിത സിഇഒ റസീന, ഡൈവര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Back to top button