Malappuram

സകലതും അടിച്ചുമാറ്റി, ബാക്കിവെച്ചത് ലോറി മാത്രം! ചുരത്തിൽ അപകടത്തിൽപ്പെട്ട ലോറിയിൽ വൻ മോഷണം

Please complete the required fields.




മലപ്പുറം: നാടുകാണി ചുരത്തിൽ അപകടത്തില്‍പ്പെട്ട ലോറിയില്‍ മോഷണം.ലോറിയിലുണ്ടായിരുന്ന ഏഴു ടണ്ണോളം മാതളം മോഷ്ടിച്ചു.
ഇന്ധന ടാങ്കിലെ ഡീസലും ഊറ്റിയെടുത്ത നിലയിലാണ്. ആന്ധ്രാപ്രദേശില്‍ നിന്നും മലപ്പുറം പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന ലോറി ശനിയാഴ്ച രാത്രിയിലാണ് നാടുകാണി ചുരത്തില്‍ അപകടത്തില്‍ പെട്ടത്. റോഡിന്‍റെ സുരക്ഷാ മതിലില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു. മൈസൂരു സ്വദേശികളായ ജീവനക്കാര്‍ ചികിത്സ തേടിയ സമയത്താണ് ലോറിയില്‍ മോഷണം നടന്നത്.

നിലത്ത് വീണു കിടന്ന മാതളത്തിനു പുറമേ ലോറിക്കുള്ളിലുണ്ടായിരുന്ന മാതളവും നഷ്ടമായി. ടാങ്കിലെ ഡീസലും ഊറ്റിയെടുത്തു. വാഹനത്തിന്‍റെ താക്കോലും കാണാതായി. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകട സമയത്ത് ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വഴിക്കടവ് പൊലീസ് അറിയിച്ചു. ലോറിയില്‍ മോഷണം നടന്നത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button