തൊടുപുഴ: ഇടുക്കി മൂന്നാർ പെരിയവരയിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിൽ തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴു വീടുകൾ പൂർണമായി കത്തി നശിച്ചു. വീടുകളിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പുലർച്ച രണ്ടോടെയായിരുന്നു അപകടം. ഗൗരി, പഞ്ചവർണ്ണം, മീനാക്ഷി, രാധിക, രാജു, പഴനിസ്വാമി, വൈലറ്റ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്.
തീ പടരുന്നത് കണ്ട് സമീപ പ്രദേശങ്ങളിലുള്ളവർ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ വിളിച്ചുണർത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചെങ്കിലും വീടുകൾ പൂർണമായും നശിച്ചു. നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. കെ.ഡി.എച്ച്.പി കമ്പനി അധികൃതർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.