
കൊച്ചി: കെഎസ്‌ഐഡിസിയിലെ എസ്എഫ്‌ഐഒ പരിശോധനയ്ക്ക് സ്റ്റേ ഇല്ല. പരിശോധന തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്. എന്തെങ്കിലും ഒളിയ്ക്കാനുണ്ടോയെന്ന് ഹർജി പരിശോധിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കെഎസ്ഐഡിസിയുടെ മറുപടി. പിന്നെ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
ഇന്ന് ഉച്ചയോടെയാണ് എസ്എഫ്‌ഐഒ കെഎസ്‌ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയത്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തം ഉണ്ടോ എന്നതുൾപ്പടെ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഒ രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ കൂടുതൽ വ്യക്തത തേടിയേക്കുമെന്നാണ് സൂചന. ഇതിനായാണ് ആദായ നികുതി വകുപ്പിൽ നിന്ന് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടതെന്നും വിവരമുണ്ട്.





