Thiruvananthapuram

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനം; പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി

Please complete the required fields.




തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുന്നത്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പഠിക്കുക എന്നതാണ് സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. നേരത്തേ കേരളത്തിലെത്തിയിരുന്ന ലോക ബാങ്കിന്റെ വിദഗ്ധ സംഘം ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ നടപടികളും പ്രകീർത്തിച്ച് കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ, ദുരന്ത നിവാരണത്തിലെ വികേന്ദ്രീകൃത ആസൂത്രണവും ഇടപെടലുകളും നടത്തുന്ന കേരള മാതൃക, ദുരന്ത ലഘൂകരണ നടപടികൾ തുടങ്ങിയവ മെയ് 23 മുതൽ 25 വരെ 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിശദമായി ചർച്ചയാകും.

അതേസമയം ഒരാഴ്ചയോളം നീണ്ട് നിന്ന വ്യാപക മഴക്ക് ഇടവേള. സംസ്ഥാനത്തെ മഴ മുന്നറിയിപ്പും വിവിധ ജില്ലകള്‍ക്കുള്ള ജാഗ്രതനിര്‍ദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ ഒരു ജില്ലയിലും ശക്തമായ മഴക്ക് സാധ്യതയില്ല.അതേ സമയം തെക്ക് പടി‍ഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കയില്‍ നിന്നും തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു തുടങ്ങി.ഇനി അറബികടലില്‍ വ്യാപിക്കണം.സാഹചര്യം അനുകൂലമാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.ഈയാഴ്ച അവസാനത്തോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും.

അതേസമയം ഇക്കുറി വേനല്‍മഴ തകര്‍ത്ത് പെഴ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഇതുവരെ 116 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 1 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് 276.4 മി.മി. മഴ ലഭിക്കേണ്ട സ്ഥാനത്ത്  598.3 മി.മി.മഴയാണ് പെയ്തത്. ഏറ്റവുമധികം മഴ കിട്ടിയത് എറണാകുളം ജില്ലയിലാണ്.220 ശതമാനം കൂടുതല്‍. മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവ് മഴ ലഭിച്ച കൊല്ലത്തും തിരുവനന്തപുരത്തും  ശരാശരി ലഭിക്കേണ്ടതിലും 65 ശതമാനം അധിക മഴയാണ് കിട്ടിയത്.

Related Articles

Leave a Reply

Back to top button