
കൊച്ചി: അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വിനായക് എന്നയാളെയാണു തമിഴ്നാട്ടിലെ അമ്പൂരിൽനിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ലാപ്ടോപ്പുകളും ബൈക്കുകളും മോഷ്ടിക്കുകയും, കെഎസ്ഇബി, വാട്ട൪ അതോറിറ്റി ജീവനക്കാരാണെന്ന് പറഞ്ഞ് വീട്ടുകാരുടെ ശ്രദ്ധമാറ്റിയ ശേഷം മോഷണം നടത്തുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന മോഷ്ടാവാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
വിമാനത്തിൽ വന്നു മോഷണം നടത്തി തിരിച്ചു പോകുന്നതാണ് സംഘത്തിന്റെ രീതി. തമിഴ്നാട്ടിൽ നിന്നുള്ള പ്രതികളായ വൻസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു കുറച്ചകലെ നിന്നും ബൈക്ക് കവർന്ന ശേഷം അതിൽ കറങ്ങിനടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടു വച്ച ശേഷമാണ് പദ്ധതിയിടുക. എറണാകുളത്തുനിന്ന് 9 ലാപ്ടോപ്പുകളും 2 ബൈക്കുകളും മോഷ്ടിച്ചതായി ഇയാൾ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. പാലാരിവട്ടത്ത് രണ്ടു വീടുകളിൽ കയറി മോഷണം നടത്തിയ കാര്യവും പ്രതി പൊലീസിനോട് പറഞ്ഞു.




