കോഴിക്കോട്: സ്വകാര്യനിധി സ്ഥാപനത്തില്‍ പണയംവെച്ച 21 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.
സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് കക്കോടി സ്വദേശി മക്കട പുതുക്കുടി വീട്ടില്‍ ബിപിന്‍ (39), മക്കട പറമ്പില്‍ താഴം നിരാമലയില് രജ്ഞിത്ത് (42), ചെറുകുളം മീരാലയം വീട്ടില്‍ മിഥുന് (42) എന്നിവരുടെ തെളിവെടുപ്പാണ് കസബ പൊലീസ് പൂര്‍ത്തിയാക്കിയത്.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പാളയത്തെ സ്വകാര്യനിധി സ്ഥാപനത്തില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണം ഈടുനൽകി യുവാവിനെ വഞ്ചിച്ചതായാണ് കേസ്.
വായ്പ ഏറ്റെടുക്കുന്നതിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംഘം യുവാവുമായി മറ്റൊരു സ്ഥാപനത്തിലെത്തുകയും പണം പ്രതികളിലൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. ജനുവരി 27 നാണ് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്. റിമാന്‍ഡിലായ പ്രതികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുകയായിരുന്നു.