കോഴിക്കോട് : ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൽപ്പറ്റ പുളിയാർമലയിലാണ് അപകടമുണ്ടായത്. ഊരത്ത് അണ്ടിപ്പറമ്പിൽ നിഷാദ് (22) ആണ് മരിച്ചത്. കോഴിക്കോട്ട് ജോലി ചെയ്തുവരികയായിരുന്നു നിഷാദ്. ഊരാൾ മണ്ണിൽ നൗഷാദിന്റെയും വയനാട് തലപ്പുഴ ബുഷ്റയുടെയും മകനാണ്. സഹോദരിമാർ: ഷെറിൻ ശിഹാന, ഷഹ്സിന. ശനിയാഴ്ച വൈകിട്ടോടെ നിഷാദ് സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.
മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്കു വരുമ്പോഴാണ് നിഷാദ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നിഷാദിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സ്കൂട്ടറിന്റെ നമ്പർ വഴി വാഹനമുടമയെ കണ്ടെത്തിയാണ് അപകട വിവരം പൊലീസ് വീട്ടിൽ അറിയിച്ചത്. തലയ്ക്കും ഇടുപ്പിനും സാരമായി പരുക്കേറ്റാണ് നിഷാദിന്റെ മരണമെന്ന് ഡോക്ടർമാർ അറിയിച്ചു. കൽപ്പറ്റ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.