പശ്ചിമേഷ്യ യുദ്ധക്കളമാകുന്നു; ഇസ്രായേലിൽ ഇറാന്റെ മിസൈൽ മഴ, രണ്ട് പേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് അമേരിക്ക

ടെൽ അവീവ്: ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. സെൻട്രൽ ഇസ്രായേലിലെ റാമത് ഗാൻ നഗരത്തിലുണ്ടായ ആക്രമണത്തിൽ മിസൈൽ ചീളുകൾ തറച്ച് ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചതെന്ന് ഇസ്രായേൽ പാരാമെഡിക്കൽ ഏജൻസിയായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) സ്ഥിരീകരിച്ചു.
ടെൽ അവീവിനോട് ചേർന്നുള്ള ബെനി ബ്രാക്ക് നഗരത്തിലും മിസൈൽ പതിച്ചതായും ഇവിടെ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആക്രമണം കടുപ്പിച്ചതോടെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) ആവശ്യപ്പെട്ടു.
ഇറാൻറെ നീക്കത്തിന് പിന്നാലെ അതിശക്തമായ തിരിച്ചടിയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ അതീവ സുരക്ഷയുള്ള മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തി.അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ കപ്പൽവേധ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കാനായി ഏകദേശം 2267 കിലോഗ്രാം ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ (ബങ്കർ ബസ്റ്റർ) ബോംബുകളാണ് അമേരിക്ക പ്രയോഗിച്ചത്. ഇറാന്റെ തീരദേശത്തെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ കടുത്ത നടപടി.
അതേസമയം, ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ‘റോറിംഗ് ലയൺ’ എന്ന സൈനിക നടപടി ഇസ്രായേലും ഊർജിതമാക്കിയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ നൂറുകണക്കിന് റോക്കറ്റ് ലോഞ്ചറുകളും ഭീകരവാദ കേന്ദ്രങ്ങളും തകർത്തതായി ഐഡിഎഫ് അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അനാവശ്യമായി ജനങ്ങൾ കൂട്ടം കൂടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാന്റെ നേരിട്ടുള്ള ഇടപെടലും അമേരിക്കയുടെ തിരിച്ചടിയും മേഖലയെ വൻതോതിലുള്ള ഒരു പ്രാദേശിക യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.





