മക്ക: സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ എറണാകുളം സ്വദേശി മക്കയിൽ നിര്യാതനായി. മക്ക ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് ആണ് മരിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് സുബ്ഹി നമസ്കാരാനന്തരം കുഴഞ്ഞു വീണ യൂനുസിനെ മക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം അതീവ ഗുരുതരാവസ്ഥയിൽ ഐ.സി.യു വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം.
മക്കയിലെ അൽനൂർ ആശുപത്രിയിൽ നഴ്‌സ് ആയി സേവനം ചെയ്യുന്ന ഭാര്യ ആരിഫയും മകൾ സഫയും മകൻ ആസിഫും മക്കയിലുണ്ട്. മരണാനന്തര നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചു.