Kozhikode

കുസാറ്റ് ദുരന്തം: നവകേരള സദസിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കി

Please complete the required fields.




കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കി. ഞായറാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ നാല് പരിപാടികളും ചടങ്ങ് മാത്രമായി നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

‘നാളത്തെ നാല് പരിപാടികളും ആഘോഷങ്ങളൊന്നുമില്ലാതെ ചടങ്ങ് മാത്രമായാകും നടക്കുക. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ വേദിയിലേക്ക് ചെല്ലുന്നു, കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുന്നു, അതോട് കൂടി നവകേരള സദസ്സ് സമാപിക്കും. യാതൊരുതരത്തിലുള്ള ആഘോഷപരിപാടികളും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.’ -മന്ത്രി ആര്‍. രാധാകൃഷ്ണന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങളിലാണ് ഞായറാഴ്ച നവകേരള സദസ്സ് പര്യടനം നടത്തുക. രാവിലെ 11 മണിക്ക് തിരുവമ്പാടി, വൈകീട്ട് മൂന്ന് മണിക്ക് കൊടുവള്ളി, നാലരയ്ക്ക് കുന്ദമംഗലം, ആറ് മണിക്ക് ബേപ്പൂര്‍ എന്നിങ്ങനെയാണ് നാളത്തെ സമയക്രമം.

ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ്കുസാറ്റ് ക്യാമ്പസില്‍ ദാരുണമായ അപകടമുണ്ടായത്. കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. നാല് പേര്‍ മരിച്ചു. അപകടത്തില്‍ 60-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.

കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

Related Articles

Back to top button