
ഓമശ്ശേരി : കൊയിലാണ്ടി എടവണ്ണപ്പാറ സംസ്ഥാനപാതയിൽ ദുരിതംനിറച്ച് റോഡ്പണി. ഗതാഗതക്കുരുക്കും പൊടിശല്യവും കാരണം ജനം വലഞ്ഞു. മണ്ണ് നിരത്തിയതിനാൽ മഴയിൽ റോഡാകെ ചെളിനിറഞ്ഞ് അപകടസാധ്യതയുമേറുന്നു. ഏറ്റവും കൂടുതൽ ബാധിച്ചത് വഴിയോര കച്ചവടക്കാരെയും തട്ടുക്കടക്കാരെയുമാണ്. പൊടിശല്യം കാരണം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാനോ സൂക്ഷിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കച്ചവടക്കാർ. സാധാരണ വൈകുന്നേരം മൂന്നുമണി മുതൽ നോമ്പുതുറ സമയംവരെ ആൾക്കാർ തിങ്ങിനിറഞ്ഞിരുന്ന അങ്ങാടിയിൽ തീരെ തിരക്കില്ലാത്ത സ്ഥിതി.
കോവിഡ് അടച്ചിടലിന്റെ രണ്ടുവർഷത്തിനുശേഷം റംസാനിലെങ്കിലും നല്ല കച്ചവടം പ്രതീക്ഷിച്ച കച്ചവടക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ് റോഡ്‌പണി. ‘ലോക്‌ഡൗണിനുശേഷം പ്രതിക്ഷതന്ന ഒരു റംസാനായിരുന്നു ഇത്. പക്ഷേ, റോഡ്‌പണിയും പൊടിശല്യവും കച്ചവടത്തെ തീർത്തും ബാധിച്ചു’- കച്ചവടക്കാരുടെ പ്രതികരണം ഇങ്ങനെ.





