കോഴിക്കോട് : ജില്ല കലക്ടർക്ക് മാവോവാദികളുടെ ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്ന് കത്തിൽ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കന്മാരാണ്, പിണറായി പൊലീസ് ഇനിയും വേട്ട തുടർന്നാൽ കോഴിക്കോട്ടും പൊട്ടിക്കും എന്നെല്ലാം കത്തിൽ പറയുന്നു. ഭീഷണിക്കത്തിനെക്കുറിച്ച് സംസ്ഥാന ഇന്‍റലിജൻസ് അന്വേഷണം ആരംഭിച്ചു.
വയനാട്ടിൽനിന്നും ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് മാവോവാദികളെ പിടികൂടിയിരുന്നത്. പിടികൂടിയവരിൽനിന്ന് എ.കെ 47 ഉൾപ്പെടെ തോക്കുകൾ പിടിച്ചെടുത്തിരുന്നു. തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ വെടിയുതിർത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കണ്ണൂർ പൊലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്ന് പുതുച്ചേരി പൊലീസ് ഇന്നലെ വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.
പിടിയിലായ മാവോവാദികളെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, കർണാടക ആന്റി നക്സല്‍ സ്ക്വാഡ് ഉദ്യോഗസ്ഥർക്കുപുറമെ തെലങ്കാന, ആന്ധ്ര, ഛത്തിസ്ഗഢ് പൊലീസും ചോദ്യംചെയ്തിരുന്നു. ഇവരെ പിടികൂടിയതിന്റെ പിറ്റേദിവസം എൻ.ഐ.എ സംഘവും അന്വേഷണത്തിന് എത്തിയിരുന്നു.