കോഴിക്കോട് : വടകര മയ്യന്നൂരിലെ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന രണ്ട് വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച 13കാരൻ മാക്കനാരി മുഹമ്മദ് റാസി നാട്ടുകാരുടെ അഭിമാനമായി. ശനിയാഴ്ച വൈകീട്ട് മയ്യന്നൂരിലെ ജുമാമസ്ജിദിനോട് ചേർന്ന കുളത്തിൽ കുളിക്കുകയായിരുന്ന എം.ജെ ഹൈസ്കൂൾ 10ാം തരം വിദ്യാർത്ഥികളായിരുന്ന വരയാലിൽ ഷരീഫിന്റെ മകൻ ഇഷാനും മൊട്ടേൻ തമൽ സമീറിന്റെ മകൻ സഹലും പള്ളിക്കുളത്തിലെ വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട മറ്റൊരു കുട്ടിയുടെ നിലവിളി കേട്ടു പരിസരത്ത് ഉണ്ടായിരുന്ന മുഹമ്മദ് റാസി ഓടിയെത്തി കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.
നീന്തിച്ചെന്ന റാസി രണ്ട് പേരെയും കരക്കുകയറ്റി രക്ഷപ്പെടുത്തി. മുഹമ്മദ് റാസിയുടെ അവസോരോപിത ഇടപെടലൂടെ രണ്ടു ജീവൻ രക്ഷപ്പെടുത്തിയ ധീരതയെ വിവിധ സംഘടനകൾ അനുമോദിച്ചു. മയ്യന്നൂരിലെ മാക്കനാരി മൊയ്തു ഹാജിയുടെ മകൾ ജസ്മിനയുടെ മകനാണ് മുഹമ്മദ് റാസി. വില്യാപ്പള്ളി എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരത്തിൽ പഠിക്കുന്ന റാസി എൻ.സി.സി അംഗം കൂടിയാണ്. വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘത്തിൽനിന്നും കളരിപ്പയറ്റും ജൂഡോയും അഭ്യസിക്കുന്നുണ്ട്.