ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചന. ഇരുവർക്കും പുതിയ സമൻസ് അയച്ചേക്കും.
ഇരുവരെയും കഴിഞ്ഞ വർഷം പലതവണ ചോദ്യം ചെയ്തിരുന്നു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും ഓഹരികളും ‘യങ് ഇന്ത്യ’ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012 ലാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്. കേസിൽ മുൻ കോൺഗ്രസ് ട്രഷറർ പവൻ ബൻസലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്തുവരികയാണ്.
കേസ് അന്വേഷിക്കുന്ന ഇ.ഡി സംഘം കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കഴിഞ്ഞ വർഷം ഒന്നിലേറെ തവണ ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്.