
പാലക്കാട് : നല്ലേപ്പിള്ളിയിൽ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
മുൻപും വീട്ടിൽ കയറി യുവതിയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ് റോഡിൽ കിടക്കുന്ന നിലയിൽ ഊർമിളയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെൺകുട്ടികളുണ്ട്.





