കൊല്ലം: ആശ്രാമം മൈതാനത്ത് എക്സിബിഷൻ പവലിയനു മുന്നിൽ അക്രമം നടത്തിയ യുവാവ് പിടിയിലായി. തൃക്കടവൂർ മതിലിൽ പുന്തല വീട്ടിൽ സന്തോഷ്ബാബു (37) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച ആശ്രമം മൈതാനത്ത് എക്സിബിഷനിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. വൈകീട്ട് എക്സിബിഷൻ പവലിയനു മുന്നിലെത്തിയ പ്രതി കൗണ്ടറിനു മുന്നിൽ ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചു.
ഇത് മറ്റുള്ളവർ ചോദ്യം ചെയ്യുകയും തർക്കമുണ്ടാകുകയുമായിരുന്നു. ഈ സമയം മൈതാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ വിഷ്ണു ഇയാളോട് ബഹളം ഉണ്ടാക്കരുതെന്നും ക്യൂ നിന്ന് തന്നെ ടിക്കറ്റ് എടുക്കണമെന്നും നിർദേശിച്ചു.
പ്രകോപിതനായ സന്തോഷ് എസ്.ഐയെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിങ്ക് പട്രോളിങ് സംഘത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതി അസഭ്യം വിളിച്ചു. തുടർന്ന്, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേൽപിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.