ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം നൽകിയിട്ടുള്ള മുന്നറിയിപ്പ്.
കേരള-ലക്ഷദ്വീപ്- തീരങ്ങളിൽ ഇന്ന് (22-06-2022) മത്സ്യബന്ധനത്തിന് വിലക്കില്ല. കർണാടക തീരങ്ങളിൽ ഇന്ന് (22-06-2022) മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 24-06-2022, 25-06-2022, 26-06-2022 എന്നീ തീയ്യതികളിലും, കർണാടക തീരങ്ങളിൽ 22-06-2022 മുതൽ 26-06-2022 തീയ്യതികളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.





