Kerala

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു

Please complete the required fields.




മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു. മഴ മാറി നിന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 2200 ഘനയടിയാണ്. അതേസമയം ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയർന്നാൽ സ്പിൽവേയിലൂടെ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് ഇന്നലെ ചേർന്ന ഉന്നതാധികാര സമിതിയോഗത്തിൽ തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീംകോടതിയുടെ തീരുമാനവും നിർണായകമാണ്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ കൈക്കൊള്ളേണ്ട എല്ലാ നടപടികളും ഇടുക്കി ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രിംകോടതി നിർദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി.അന്നത്തെ സാഹചര്യത്തെക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ. തുലാവർഷം ആരംഭിക്കുന്നതേയുള്ളു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കിയിലും കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതിനാൽപരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് ഈ നിർദ്ദേശത്തോട് യോജിച്ചു.തമിഴ്‌നാടിന്റെ റൂൾ കർവായ 138 അടി ആയാൽ സ്പിൽവേ തുറക്കാമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.മുല്ലപ്പെരിയാറിൽ ആശങ്ക നൽകുന്ന സാഹചര്യം നിലവിൽ ഇല്ലെന്നുംവെള്ളം തുറന്നാൽ പെരിയാർ തീരത്ത് ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാർ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. ജലനിരപ്പ് സംബന്ധിച്ച് ഉന്നതതല സമിതി യോഗത്തിലെ തീരുമാനം അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കും.

ഉന്നതതല യോഗത്തിൽ സ്വീകരിച്ച ഈ നിലപാടുകൾ ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിക്കും. രണ്ട് പൊതുതാൽപര്യഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹർജി.

Related Articles

Leave a Reply

Back to top button