Kozhikode

പുത്തൂരിലെ ഓവുചാലിൽ കക്കൂസ്‌മാലിന്യം ഉൾപ്പെടെ തള്ളിയ സംഭവത്തിൽ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ

Please complete the required fields.




വടകര : പുത്തൂരിലെ ഓവുചാലിൽ കക്കൂസ്‌മാലിന്യം ഉൾപ്പെടെ തള്ളിയ സംഭവത്തിൽ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നാട്ടുകാരും പോലീസും ലോറി തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ആർ.സി. ഉടമയെ ബന്ധപ്പെട്ട് ലോറി വടകര പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. രണ്ടുപേർ വെള്ളിയാഴ്ച രാവിലെ ലോറി സ്റ്റേഷനിൽ ഹാജരാക്കിയശേഷം മടങ്ങി. ഇവരോടും ആർ.സി. ഉടമയോടും സ്റ്റേഷനിലെത്താൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. മലപ്പുറത്തുള്ളതാണ് ലോറി. ലോറിയിലുള്ളവരും മലപ്പുറം സ്വദേശികളാണ്.

ചൊവ്വാഴ്ച രാവിലെയാണ് പുത്തൂരിൽ ജനവാസമേഖലയിൽ ഓവുചാലിൽ മാലിന്യം തള്ളിയനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരും നഗരസഭയും പോലീസിൽ പരാതിനൽകിയിരുന്നു. ലോറി പിടികൂടിയ വിവരമറിഞ്ഞ് വാർഡ് കൗൺസിലർമാരായ കെ. നളിനാക്ഷനും സി.കെ. ശ്രീജിനയും നാട്ടുകാരും സ്റ്റേഷനിലെത്തി. മാലിന്യം തിരികെയെടുത്തില്ലെങ്കിൽ മഴപെയ്താൽ വയൽപ്രദേശങ്ങളിൽ മൊത്തം ഇത് പരക്കുമെന്ന് ഇവർ വ്യക്തമാക്കി.

മാലിന്യം തിരികെയെടുക്കാനുള്ള ചെലവ് നൽകാൻ പോലീസ് ലോറിക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനുശേഷം മാത്രമേ ലോറി വിട്ടുനൽകൂ. പിഴയും ഈടാക്കും. വില്യാപ്പള്ളി അമരാവതിക്ക് സമീപത്തെ ഒരുഹോട്ടലിലെ മാലിന്യമാണ് തള്ളിയതെന്നാണ് സംശയം.

മാലിന്യം നീക്കംചെയ്യാനുള്ള ക്വട്ടേഷൻ ഹോട്ടൽ ഇവർക്കു നൽകുകയായിരുന്നു. മൂന്നുലോഡ് മാലിന്യം ഇവിടെനിന്ന് കൊണ്ടുപോയതായാണ് വിവരം. ഇത് മൊത്തം പുത്തൂരിലെ തോട്ടിൽത്തന്നെയാണ് ഒഴുക്കിയത്.

Related Articles

Leave a Reply

Back to top button