Kozhikode
നാദാപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട് : നാദാപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. വാണിമേൽ കോടിയൂറ സ്വദേശി നീളംപറമ്പത്ത് സാജു (40) നെയാണ് നാദാപുരം എസ്ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെ വേറ്റുമ്മൽ – പുറമേരി റോഡിലാണ് സംഭവം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയ്ക്ക് സമീപം എത്തിയ സാജു മണൽ വാരിയെടുത്ത് ഇവരുടെ കണ്ണിലേക്ക് എറിഞ്ഞു. തുടർന്ന് കഴുത്തിൽ ഉണ്ടായിരുന്ന അഞ്ചര പവനോളം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തു ഓടി.
സ്ത്രീ ബഹളം വെച്ചതോടെ പ്രദേശവാസികൾ ഓടിയെത്തുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരിശോധനയിൽ സ്വർണ മാല കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.





