
കോഴിക്കോട് : ഭൂമിയുടെ തരം മാറ്റത്തിനായി ആർഡിഒ ഓഫിസിൽ തീർപ്പുകൽപിക്കാനുള്ളത് 8,500 അപേക്ഷകൾ. ഇതിൽ 3,050 എണ്ണം നേരിട്ട് ലഭിച്ച അപേക്ഷകളാണ്. മറ്റുള്ളവ ഓൺലൈനായും. നേരിട്ട് ലഭിച്ച അപേക്ഷകൾ ഓഗസ്റ്റിനു മുൻപു തീർപ്പാക്കാൻ നിർദേശമുണ്ട്. ഒരു ദിവസം 80 ഫയലുകളെങ്കിലും തീർപ്പാക്കാൻ കലക്ടറുടെ നിർദേശമുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, ഒരു ദിവസം ശരാശരി 40 മുതൽ 45 ഫയലുകളാണ് തീർപ്പാക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായ ഫയലുകളിൽ ആർഡിഒ ഒപ്പുവയ്ക്കാനും അപേക്ഷകനു ലഭിക്കാനും ഒരു മാസം വരെ സമയം എടുക്കുന്നു.
പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 4 മുതലാണ് ആർഡിഒ ഓഫിസിൽനിന്നു വിവരങ്ങൾ ലഭിക്കുക. ഇതിനായി നേരിട്ട് എത്തണം. വരിയിൽനിന്നാലും ഫലമില്ലാതെ മടങ്ങേണ്ടി വന്നവരുണ്ട്. വില്ലേജ് ഓഫിസിലെ ബേസിക് ടാക്സ് റജിസ്റ്റർ, അടങ്കൽ എന്നിവിടങ്ങളിൽ നിലം കാറ്റഗറിയിൽ പെട്ട ഭൂമിയാണെങ്കിൽ അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാണ് തരം മാറ്റി നൽകുന്നത്.
ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ അതിൽനിന്ന് ഒഴിവാക്കാൻ അതിനു 5–ാം നമ്പർ ഫോമിൽ അപേക്ഷ നൽകണം. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 50 സെന്റ് വരെയുള്ള സ്ഥലത്തിനു 6–ാം നമ്പർ ഫോമിലും അതിൽ കൂടുതൽ വരുന്നതിനു 7–ാം നമ്പർ ഫോമിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം 1,000 രൂപ ഫീസ് നൽകണം. എന്നാൽ ഒരു വർഷം മുൻപ് നൽകിയ അപേക്ഷകളിൽ വരെ തീരുമാനം വൈകുകയാണെന്നാണ് അപേക്ഷകർ പറയുന്നത്.





