
മാന്നാർ : മാന്നാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നു പേർക്ക് കൂടി പരിക്കേറ്റു. കുട്ടംപേരൂർ ചാങ്ങയിൽ ജങ്ഷനിൽ വെച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേരെയും പാൽ വാങ്ങാനായി വന്ന ഗ്രഹനാഥനെയുമാണ് നായ്ക്കൾ ആക്രമിച്ചത്.
പ്രഭാത സവാരിക്ക് ഇറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ(53), കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് (27), പാൽ വാങ്ങുന്നതിനായി കടയിലേക്ക് പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ (73) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്.
സുരേഷ് കുമാറിന്‍റെ കഴുത്തിനാണ് നായ കടിച്ചത്. പരിക്കേറ്റവര്‍ക്ക് മുറിവ് കൂടുതലായതിനാൽ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടംപേരൂരിൽനായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാത്തവസ്ഥയാണ്.
പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുട്ടികൾ ഉൾപ്പെടെ പത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.





