
കുറ്റ്യാടി : കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധസംഘം കള്ളാട് പരിശോധന നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽനിന്ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്നു.
നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വീട്, പരിസരം, കുടുംബവീട്, തോട്ടം എന്നിവിടങ്ങളിൽ പരിശോധന നടത്തി. വനംവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹായത്തോടെ നിപ സ്ഥിരീകരിച്ച മേഖലകളിലെ വളർത്തുമൃഗങ്ങൾ, പന്നികൾ, വവ്വാലുകൾ എന്നിവയിൽനിന്ന് വിദഗ്ധസംഘം സാംപിളുകൾ ശേഖരിച്ചു. അടുക്കത്ത് ചത്തനിലയിൽ കണ്ടെത്തിയ പൂച്ചകളുടെ സ്രവ സാംപിളുകളും പരിശോധിച്ചു. തുടർന്ന് സംഘം ജാനകിക്കാട് സന്ദർശിച്ചു.
കേന്ദ്ര സർക്കാരിലെ ജോയന്റ് കമ്മിഷണർമാരായ ഡോ.എച്ച്.ആർ. ഖന്ന, ഡോ.വിജയകുമാർ ടിയോട്യ, ഐ.സി.എ.ആർ.എൻ.ഐ.എച്ച്.എസ്.എ.ഡി. ഭോപാൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അശ്വിൻ റൗത്ത്, എസ്.ആർ.ഡി.ഡി.എൽ. ബാംഗളൂരു സയന്റിസ്റ്റ് ഡോ. ശങ്കർ ബി.പി. എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. നിപ ബാധിത പ്രദേശങ്ങളിൽ വിശദമായ പഠനവും സാംപിൾ കളക്ഷനും നടത്താനായി 20 വരെ ഇവർ ജില്ലയിലുണ്ടാകും.





