കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ‘ആശ്വാസ്’ പദ്ധതിയ്ക്ക് തുടക്കം; ധനസഹായ വിതരണം സെപ്റ്റംബർ 3ന്

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി കുടുംബ സുരക്ഷ പദ്ധതി ‘ആശ്വാസ് 2023’ ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനം സെപ്റ്റബർ 3ന് വൈകീട്ട് വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 25,528 വ്യാപാരികളാണ് ജില്ലയിൽ ആശ്വാസ് പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത്.
അംഗത്വമെടുത്ത വ്യാപാരി മരണപ്പെട്ടാൽ മറ്റ് അംഗങ്ങൾ 50 രൂപ വീതമെടുത്ത് 10 ലക്ഷം രൂപയുടെ സഹായം നൽകും. ജൂലായ് 1 മുതൽ ആരംഭിച്ച പദ്ധതിയുടെ പ്രഥമ സഹായ വിതരണമാണ് നാളെ നടക്കുക. വിതരണ ചടങ്ങിൽ 5 പേരുടെ കുടുംബത്തിനാണ് സഹായ ധനം നൽകുക. നിലവിൽ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, തൃശൂർ, കോട്ടയം ജില്ലകളിൽ സമാന പദ്ധതിയുണ്ട്. കാൻസർ, കിഡ്നി തുടങ്ങി ഹൃദയ സംബന്ധമായ രോഗമുള്ളവർക്കും ചികിത്സാ സഹായം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സമിതി.
ചടങ്ങിൽ സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യതിഥിയാകും. ആശ്വസ് പദ്ധതി ചെയർമാൻ എ.വി.എം കബീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി റിപ്പോർട്ട് അവതരിപ്പിക്കും. ഏകോപന സമിതി സ്ഥാപക നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ ഹസ്സൻ കോയ ചടങ്ങിൽ പങ്കെടുക്കും.





