
കോഴിക്കോട് : ആക്രി ആപ്പ് പണി തുടങ്ങിയതോടെ വീടുകളിൽനിന്ന് ഒരു മാസത്തിനിടെ ശേഖരിച്ചത് 6799.2 കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം. ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള കണക്കാണിത്. സെപ്റ്റംബറിൽ 15 ടണ്ണെങ്കിലും ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ബയോമെഡിക്കൽ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി എ ഫോർ മർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡാണ് കരാർ വെച്ചിട്ടുള്ളത്. ആക്രി ആപ് വഴിയാണ് ശേഖരണം. ഇവർ ശേഖരിക്കുന്ന മാലിന്യം കെൽ(കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) വഴി ശാസ്ത്രീയമായി സംസ്കരിക്കും. ഒരു കിലോ മാലിന്യത്തിന് 45 രൂപയും ജി.എസ്.ടി.യും വീട്ടുകാർ നൽകണം. ഏജൻസി ഒരു രൂപ കോർപ്പറേഷന് നൽകും.
ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളുമെല്ലാം ശേഖരിക്കും. മരുന്ന്, രാസമാലിന്യം, മൈക്രോബയോളജി, ബയോടെക്നോളജി, ക്ലിനിക്കൽ ലബോറട്ടറി മാലിന്യം, ട്യൂബ്, കുപ്പികൾ, കത്തീറ്റർ, യൂറിൻ ബാഗ്, സൂചിയില്ലാത്ത സിറിഞ്ച്, ബ്ലേഡ്, കൈയുറ തുടങ്ങിയ ഡിസ്പോസിബിൾ വസ്തുക്കളിൽനിന്നുള്ള മാലിന്യം എന്നിവയെല്ലാം ശേഖരിക്കുന്നുണ്ട്. ഇവയെല്ലാം ആക്രി നൽകുന്ന പ്രത്യേക കവറിൽ സൂക്ഷിക്കണം. അവർ വന്ന് കൊണ്ടുപോകും.
ഡയപ്പറുകളുടെ സംസ്കരണമാണ് കിടപ്പുരോഗികളും കുട്ടികളുമുള്ള വീടുകളിൽ ഏറ്റവും പ്രയാസമുണ്ടാക്കുന്നത്. കിലോക്കണക്കിന് മാലിന്യമാണ് കൊണ്ടുപോകുന്നത്. ഓഗസ്റ്റ് എട്ടിന് മാത്രം 688.87 കിലോ ബയോമെഡിക്കൽ മാലിന്യം നീക്കി. ‘‘ഇരട്ടക്കുട്ടികളാണ് വീട്ടിൽ. ഡയപ്പറുകൾ ഒന്നും ചെയ്യാൻപറ്റാത്ത സാഹചര്യമായിരുന്നു. ഇപ്പോൾ ആക്രി ആപ്പ് വഴി രജിസ്റ്റർ ചെയ്ത് കൃത്യമായി കൊണ്ടുപോകുന്നത് വലിയ ആശ്വാസമായിട്ടുണ്ട്’’ – വെള്ളിമാടുകുന്ന് എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ എസ്. സീന പറഞ്ഞു.
ബൈപ്പാസിലുൾപ്പെടെ റോഡരികുകളിൽ ഏറ്റവും കൂടുതൽ കാണുന്നത് ഡയപ്പറുകളും മറ്റും സഞ്ചിയിൽ കെട്ടി നിക്ഷേപിച്ചിരുന്ന കാഴ്ചകളാണ്. ഇനി തോന്നുംപോലെ മാലിന്യം വലിച്ചെറിയുന്നത് കുറയുമെന്നാണ് കരുതുന്നത്.
പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. വീട്ടുകാർക്ക് സൗകര്യമുള്ള ദിവസം മാലിന്യം വന്നെടുക്കാൻ രജിസ്റ്റർ ചെയ്യാം. പലരും ഇപ്പോഴും ബയോമെഡിക്കൽ മാലിന്യം വീടുകളിൽനിന്ന് ശേഖരിക്കുന്നത് അറിഞ്ഞിട്ടില്ല. അതിനാൽ കൂടുതൽപ്പേരിലേക്ക് ഇക്കാര്യം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ടോൾ ഫ്രീ നമ്പർ: 18008905089, ഫോൺ: 9778418244.





