
പേരാമ്പ്ര: മരുതേരിയിൽ തെങ്ങിൽ കയറി ഇറങ്ങാൻകഴിയാതെ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പുളിയുള്ളപറമ്പിൽ വിശ്വനെയാണ് രക്ഷിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പീടികയുള്ളപറമ്പിൽ സി.ടി. മുഹമ്മദിന്റെ പറമ്പിലെ തെങ്ങിൽ കയറിയതായിരുന്നു വിശ്വൻ. മുകൾഭാഗത്തെത്തിയപ്പോൾ തെങ്ങുകയറ്റ യന്ത്രം ശരിയായരീതിയിൽ തെങ്ങിൽ ഉറച്ചില്ല. പ്രശ്നം മനസ്സിലാക്കിയ വിശ്വൻ ഉടൻ കൈയിലുള്ള തോർത്തുകൊണ്ട് യന്ത്രം തെങ്ങിൽക്കെട്ടി നിൽക്കുകയായിരുന്നു.
വിവരമറിഞ്ഞ് പേരാമ്പ്രയിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. വിനോദന്റെയും നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തെങ്ങിൽ ഏണി ചാരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എൻ. ലതീഷ് തെങ്ങിൽകയറി യന്ത്രം ഉറപ്പിക്കുന്നതിനുള്ള ഒരു മരക്കഷണം വിശ്വന് നൽകി. പിന്നീട് താഴെ ഇറക്കാൻ സഹായിക്കുകയായിരുന്നു.





