
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ ടീച്ചർ . ‘കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. അതുൾപ്പെടുത്തിയതിനോട് താത്പര്യമില്ല, ഇതിൽ യാതൊരു പങ്കുമില്ലെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കി. എന്നാൽ , കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ വിശദീകരണവുമായി അഡ്‌ഹോക് കമ്മിറ്റി രംഗത്തെത്തി. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നാണ് പ്രതികരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്‌ഹോക് കമ്മിറ്റി പ്രതികരിച്ചു.
ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് കണ്ണൂർ സർവകലാശാലയില്‍ സിലബസ് പരിഷ്‌കരണം നടത്തിയിരിക്കുന്നത് . പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വെച്ച് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.





