
വടകര : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് നടത്തിയ പരിശോധനയിൽ 72 കുപ്പി മാഹിനിർമിത വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം ചെർപ്പുളശ്ശേരി നീരിറ്റിലിങ്കൽ സനൽ (26), ഒറ്റപ്പാലം മാങ്ങോട് താഴത്തയിൽ വീട്ടിൽ ഇബ്രാഹിം (25) എന്നിവരെയാണ് പ്രിവൻറീവ് ഓഫീസർ സോമസുന്ദരനും സംഘവും അറസ്റ്റുചെയ്തത്. മദ്യംകടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ദേശീയപാതയിലെ ചോറോട് രയരങ്ങോത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. പരിശോധനാസംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ, അരുൺ, ശ്യംരാജ് എന്നിവരും ഉണ്ടായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോലീസ്, ഫോറസ്റ്റ്, ആർ.പി.എഫ്. എന്നിവർ സംയുക്തമായി പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.എൻ. റിമേഷ് അറിയിച്ചു.





